RSS

Dear All Merry Christmas and Happy New year .

*




ഇരുട്ടില്‍ തെളിഞ്ഞുകത്തുന്ന ചൂട്ടുകറ്റ


ഡോ. ഡി. ബാബുപോള്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി)

എന്റെ ബാല്യകാലത്ത് രണ്ടു ക്രിസ്മസുകള്‍ ഉണ്ടായിരുന്നു. പാശ്ചാത്യ സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചു ഡിസംബര്‍ 25 തന്നെ ക്രിസ്മസ് ആയി ആചരിക്കുമ്പോള്‍ പൌരസ്ത്യ സഭകള്‍ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ആദ്യത്തെ ആഴ്ചയാണ് ക്രിസ്മസ് ആചരിച്ചു വന്നത്. 1952 മുതലാണ് എന്നാണ് ഓര്‍മ പൌരസ്ത്യ സഭകളും ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതോടെ കേരളത്തില്‍ ക്രിസ്മസ് ദിനം ഏകീകൃതമായി (തൃശൂരിലെ കല്‍ദായ സുറിയാനികള്‍ ഇപ്പോഴും പഴയ കലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്.

അവിടെ മാത്രമുള്ള ചെറിയ വിഭാഗം ആയതുകൊണ്ട് പൊതുവില്‍ കേരളത്തില്‍ ഡിസംബര്‍ 25നു ക്രിസ്മസ് ആഘോഷിച്ചു വരുന്നു എന്നു പറയാവുന്നതാണ്.) ബാല്യകാലത്തെ ക്രിസ്മസ് സ്മരണകളില്‍ ഇരുട്ടില്‍ തെളിഞ്ഞു കാണുന്ന ചൂട്ടുകറ്റകളാണ് ആദ്യത്തെ ഓര്‍മ. കുന്നിന്റെ ചരുവിലായിരുന്നു വീട്. വീടിനു മുന്നില്‍ ആലുവ- മൂന്നാര്‍ റോഡ്. റോഡ് എന്നു പറഞ്ഞാല്‍ ചെമ്മണ്‍ പാതയാണ്. അന്നു മുന്നാറില്‍ നിന്നു കൊച്ചി തുറമുഖത്തേക്കു കണ്ണന്‍ ദേവന്റെ തേയില കൊണ്ടു പോകുന്ന ലോറികളാണ് പ്രധാന വാഹനം. ആ ചെമ്മണ്‍ പാതയ്ക്ക് അപ്പുറത്ത് പള്ളി. പള്ളിയുടെ മുന്നില്‍ ആല്. ആലിന്റെ കൊമ്പുകളില്‍ മിന്നാമിനുങ്. പിന്നെ അങ്ങോട്ട് നോക്കെത്താ ദുരം പാടമാണ്. വെളുപ്പിനെ പള്ളിയില്‍ പോകാന്‍ കുത്തി ഉണര്‍ത്തുന്ന വേളയില്‍ കണികാണുന്നതു ചൂട്ടുകറ്റകളുമായി പള്ളിയിലേക്കു നടക്കുന്ന കുടുംബങ്ങളെ. പള്ളിയില്‍ ആട്ടിടയന്‍മാരുടെ ഓര്‍മയില്‍ തീജ്വാലയുടെ ശുശ്രൂഷ നടക്കും. അതു കഴിഞ്ഞാണ് വിശുദ്ധ കുര്‍ബാന. ക്രിസ്മസ് കരോള്‍ ഉണ്ടായിരുന്നു. പത്തോ, പന്ത്രണ്േടാ സണ്‍ഡേ സ്കൂള്‍ കുട്ടികളാണ് സംഘാംഗങ്ങള്‍. ഒരു നക്ഷത്ര വിളക്കുണ്ടാകും. പെട്രോമാക്സ് തലയില്‍ വച്ചു വടക്കന്‍ കുഞ്ഞിപൈലി മുന്നില്‍ നടക്കും. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ഉടനെ അധ്യാപകരില്‍ ഒരാള്‍ ഒരു ചേങ്ങല അടിക്കും. അപ്പോള്‍ വീട്ടുകാര്‍ മുന്‍വശത്ത് ഹാജരാകും. പെണ്ണുങ്ങളൊക്കെ വാതിലിന്റെ ഇടയില്‍ കൂടെയാകും നോക്കുക. ഒന്നു രണ്ടു പാട്ടുകള്‍ എന്തോ പാടും. പാട്ട് ഓര്‍മയില്ല, പാടുന്ന സമ്പ്രദായം ഓര്‍ത്തിട്ട് കാര്യവുമില്ല. കോതയുടെ പാട്ട്, കഴുതയുടെ രാഗം എന്നാണ് മനസില്‍ തെളിയുന്നത്. രണ്ട് പാട്ട് കഴിയുമ്പോള്‍ അധ്യാപകന്‍ ഉറക്കെ പറയും- 'ദൂതന്‍ അവരോട്.' അപ്പോള്‍ ഞങ്ങള്‍ പീക്കിരികള്‍ ഏറ്റു പറയും- 'ദൂതന്‍ അവരോട്.' അധ്യാപകന്‍: 'ഭയപ്പെടേണ്ട.' ഞങ്ങള്‍: 'ഭയപ്പെടേണ്ട.' അങ്ങനെ ആട്ടിടയന്‍മാര്‍ക്കു മാലാഖമാര്‍ നല്‍കിയ സന്ദേശം മുഴുവന്‍ പറഞ്ഞുകഴിയുമ്പോള്‍ പഴയ ചേങ്ങലക്കാരന്‍ വീണ്ടും പ്രയോഗം നടത്തും. 'ഞങ്ങള്‍ പോകുന്നു' എന്നാണ് രണ്ടാമത്തെ ചേങ്ങലയുടെ അര്‍ഥം. വടക്കന്‍ കുഞ്ഞിപൈലി മുന്നോട്ട്. ലക്ഷം ലക്ഷം ഇല്ലെങ്കിലും ഞങ്ങള്‍ പിന്നാലെ. പാട വരമ്പുകളിലൂടെയും, പുരയിടങ്ങളിലെ ഇടവഴികളിലൂടെയും ഞങ്ങള്‍ അങ്ങനെ തപ്പിത്തടഞ്ഞു നടന്ന ആ ഒരു കാലം ഇന്നും മനസില്‍ ഉണ്ണിയേശുവിനോടും യേശുവിന്റെ അമ്മയോടുമുള്ള സ്നേഹം മനസ്സില്‍ നിറയ്ക്കുവാന്‍ പോന്ന ഒരു ഓര്‍മയാണ്. ക്രിസ്മസിനെക്കുറിച്ചു അതിനുശേഷം കഴിഞ്ഞ ആറു പതിറ്റാണ്ടുകളില്‍ ഞാന്‍ ഒരുപാടു വായിച്ചു. ധാരാളം പ്രസംഗങ്ങള്‍ പറഞ്ഞു. എങ്കിലും ഇപ്പോള്‍ എനിക്കു തോന്നുന്നു ആ കുന്നത്തുനാടന്‍ ബാല്യകാലത്ത് നാട്ടിന്‍ പുറത്ത് സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ആചരിച്ചു വന്ന ക്രിസ്മസിനാണ് ആ മഹാ ദിനത്തിന്റെ യഥാര്‍ഥമായ അര്‍ഥമെന്ന്.

സകല ജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷമാണ് ദൂതന്‍ അറിയിച്ച ക്രിസ്മസ്. എനിക്കും എന്റെ കെട്ടിയോള്‍ക്കും മാത്രമായുള്ള ഒരു ക്രിസ്മസ് ഉണ്ടാവുക വയ്യ. മെത്രാനും കപ്യാര്‍ക്കും, കളക്ടര്‍ക്കും ദഫേദാര്‍ക്കും, സ്ത്രീക്കും പുരുഷനും, സമ്പന്നനും ദരിദ്രനും എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകുമ്പോള്‍ മാത്രമാണ് ക്രിസ്തുവിന്റെ ജനനം സംഭവിക്കുന്നത്. മറിച്ചു പറഞ്ഞാല്‍ ക്രിസ്തു ജനിക്കുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടത് ഈ സന്തോഷമാണ്.

പുല്‍ത്തൊട്ടിയില്‍ ശാന്തമായി ഉറങ്ങുന്ന ശിശു, ആ ശിശുവിനെ നോക്കി 'എല്ലാം ഉള്ളില്‍ സംഗ്രഹിച്ച്' ഇരിക്കുന്ന ഒരമ്മ. കാഴ്ചകാണാന്‍ വന്ന നിഷ്കളങ്കരായ ആട്ടിടയന്മാര്‍. നക്ഷത്രങ്ങളെ പിന്തുടര്‍ന്നെത്തിയ മഹാപണ്ഡിതന്മാര്‍. ക്രിസ്തുവിനെ തിരിച്ചറിയാന്‍ വഴിയമ്പല വാസികള്‍. ക്രിസ്തുവിനെ കൊല്ലാന്‍ മോഹിച്ച ഹേറോദോസ്. ക്രിസ്തുവിനെ അന്വേഷിക്കുവാന്‍ മടിച്ച ശാസ്ത്രികള്‍. ആരും ക്രിസ്മസിനു അന്യരല്ല. അതാണ് ക്രിസ്മസിന്റെയും കാല്‍വരിയുടെയും യഥാര്‍ഥ സന്ദേശം.

0 comments:

Post a Comment