RSS

Dear All Merry Christmas and Happy New year .

*




എന്നാണ്‌ നിങ്ങളുടെ ക്രിസ്‌മസ്‌?



ജോര്‍ജ്‌ ഗ്ലോറിയ

സമൂഹത്തെ ചലിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രിസ്‌തു ഉള്ളില്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന്‌ പരിശോധിച്ചറിയാന്‍ ഈ ലേഖനം സഹായിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന്‌ എന്റെ ഇരുപത്തഞ്ചുനോമ്പ്‌ മുറിഞ്ഞു.
അല്ല മുറിച്ചു. അന്നു ഞാന്‍ നോമ്പുവീടല്‍ ആഘോഷിച്ചു. എന്തുകൊണ്ടെന്നല്ലേ? അന്നായിരുന്നു എന്റെ ക്രിസ്‌മസ്‌. എനിക്കും അതറിയില്ലായിരുന്നു. പക്ഷേ, അന്നവള്‍ യേശുവിനെ തേടി എന്റെ പുല്‍ക്കൂട്ടിലെത്തി. ഏതോ നക്ഷത്രം അവളെ നയിച്ചിരിക്കാം. അതോ ഏതോ മാലാഖമാരുടെ ഗാനാലാപവും സദ്വാര്‍ത്താ പ്രഘോഷണവും കേട്ടിട്ടോ? അറിയില്ല, യേശുവിനെ തേടി അവളെത്തിയെന്നതു നേര്‌. അപ്പോഴാണ്‌ അത്ഭുതത്തോടെ ഞാനും തിരിച്ചറിഞ്ഞത്‌, എന്റെ പാവം പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നിരിക്കുന്നു. എനിക്കെന്തു സന്തോഷമായെന്നോ? മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവാളത്തോഴര്‍ക്ക്‌ ഉപവസിക്കാനാവുമോ? നോമ്പുനോക്കാനും? ഉണ്ണി പിറന്നാല്‍ പിന്നെ നോമ്പുവീടലല്ലേ?

ആരാണീ അവള്‍ എന്നായിരിക്കും ചിന്ത. എന്റെ കൂടെ ജോലി ചെയ്യുന്ന വീണ. കഴിവും ചുറുചുറുക്കുള്ള പെണ്‍കുട്ടി. പലപ്പോഴും പല ചെറു വൈതരണികളിലും ഉപദേശം തേടി അവള്‍ അടുത്തെത്തിയിരുന്നു. എന്റെ നരച്ച മുടി നല്‌കിയ പ്രചോദനംമൂലമാണെന്നു ഞാന്‍ കരുതി. നാലു മാസമായിട്ടില്ലായിരുന്നു ഞാനിവിടെ ജോലിക്കെത്തിയിട്ട്‌. ഇങ്ങനെ ചോദിക്കാനും മറ്റുമുള്ള അടുപ്പത്തിലേക്കെത്തിയിട്ട്‌ രണ്ട്‌ മാസം. അന്നും അവളെ വേദനിപ്പിച്ച ചെറുകാര്യം പങ്കുവച്ച്‌ പരാതി പറയുകയായിരുന്നു ഉച്ചയൂണിന്റെ ഇടവേളയില്‍. അവള്‍ക്ക്‌ ഒത്തിരി വേദനിച്ചെന്നു വ്യക്തം. എല്ലാം കേട്ടിട്ട്‌ ഞാന്‍ പെട്ടെന്ന്‌ പറഞ്ഞു, ദൈവത്തിന്‌ നാം കല്‌പിച്ചുകൊടുത്തിട്ടുള്ള പല പദവികളുണ്ട്‌. സര്‍വശക്തന്‍, സര്‍വജ്ഞന്‍ തുടങ്ങിയവ. അക്കൂട്ടത്തിലൊന്നാണ്‌ ദൈവം മാറ്റമില്ലാത്തവനാണ്‌ എന്നത്‌. അതായത്‌ നമ്മുടെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ചിന്തകൊണ്ടോ ഒന്നും ദൈവത്തെ മാറ്റാനാവില്ല. ദൈവത്തെ ശുണ്‌ഠി പിടിപ്പിക്കാനോ പ്രീണിപ്പിക്കാനോ ആര്‍ക്കും ആവില്ല. നമ്മെ ചിരിപ്പിക്കാനും കരയിക്കാനും ശുണ്‌ഠി പിടിപ്പിക്കാനും ഒക്കെ മറ്റൊരാള്‍ക്കു കഴിയും എന്നു വന്നാല്‍ നാം അയാളുടെ നിയന്ത്രണത്തിലാണ്‌ എന്നു സമ്മതിക്കേണ്ടി വരും. ഏതായാലും ദൈവം ആരുടെയും നിന്ത്രണത്തിലല്ല. നമ്മള്‍ ദൈവമക്കളാണ്‌, ദൈവപൈതങ്ങളാണ്‌, ദൈവമായി വളരേണ്ടവരാണ്‌. ദൈവത്തിന്റെ ഈ ഗുണം നമ്മളിലും വളരണം. നമ്മള്‍ തന്നെയാവണം നമ്മെ നിയന്ത്രിക്കേണ്ടത്‌.

പെട്ടെന്ന്‌ അവള്‍ തിരിച്ചെന്നോടു ചോദിച്ചു: ''എനിക്കൊരു ബൈബിള്‍ തരുമോ?'' എന്നിട്ടവള്‍ കൂട്ടിച്ചേര്‍ത്തു ''അടു ത്ത ഞായറാഴ്‌ച വാങ്ങിക്കൊണ്ടു വന്നാ ലും മതി.'' നൂറില്‍പരം കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത്‌ ഞാന്‍ ഞായറാഴ്‌ചകള്‍തോറും പള്ളിയില്‍ പോകുന്നത്‌ അവളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്നു വ്യക്തം. മറ്റൊരു ക്രിസ്‌ത്യാനിയുമായി ഇത്രയും ഇടപഴകാന്‍ അവള്‍ക്ക്‌ അവസരം കിട്ടിയിരിക്കാന്‍ ഇവിടുത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. അതുകൊണ്ടു ഞാന്‍ തിരിച്ചറിഞ്ഞു അവള്‍ തേടിയെത്തിയത്‌ എന്നില്‍ അവള്‍ അറിഞ്ഞ യേശുസാന്നിധ്യമാണെന്ന്‌. എനിക്കും ബോധ്യമായി കാര്യമെന്തൊക്കെയായാലും എന്നില്‍ യേശുസാന്നിധ്യമുണ്ടെന്ന്‌. അതേ, എന്റെ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നിട്ടുണ്ടെന്ന്‌.

അപ്പോള്‍ നമുക്കൊരു നോമ്പുവീടലൊക്കെ വേണ്ടേ? അല്ല, എന്നാണ്‌ നിങ്ങളുടെ ക്രിസ്‌മസ്‌?

0 comments:

Post a Comment