RSS

Dear All Merry Christmas and Happy New year .

*




ദൈവകൃപാ താരകങ്ങള്‍


ഡോ. ജോര്‍ജ് തയ്യില്‍ (ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍)

കഴിഞ്ഞകാല ക്രിസ്മസിനെപ്പറ്റി ആലോചിക്കുമ്പോള്‍ എന്റെ മനസു പായുന്നതു ജര്‍മനിയിലേക്കാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയായി എന്റെ പഠനത്തിന്റെയും ജോലിയുടെയുമൊക്കെ നല്ലഭാഗം കഴിഞ്ഞതു ജര്‍മനിയിലാണ്. അവിടെ ഏതാണ്ട് 20 വര്‍ഷം ഞാന്‍ ഉണ്ടായിരുന്നു. അവിടത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേകതകളും ആഴവുമൊക്കെ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ ഡിസംബര്‍ പകുതികഴിയുമ്പോള്‍ ഒരു ആഘോഷം എന്ന നിലയില്‍ ക്രിസിമസ് സീസണ്‍ കടന്നുവരുകയാണെങ്കിെല്‍, അവിടെ നവംബര്‍ എത്തുന്നതോടെ തന്നെ ക്രിസ്മസ് ആഘോഷങ്ങളും അലങ്കാരങ്ങളും ആരംഭിക്കകയായി. ക്രിസ്മസ് ആഘോഷിക്കേണ്ടത് അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാവണമെന്ന തിരിച്ചറിവ് അവിടത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നാണ് എനിക്കു ബോധ്യമായത്. അതിന് ഒരു പ്രധാനകാരണം അന്നത്തെ ഞങ്ങളുടെ കര്‍ദിനാള്‍ റാറ്റ്സിംഗറുമായുള്ള (ഇന്നത്തെ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍) ബന്ധമാണ്. അദ്ദേഹം അന്നു ഞങ്ങളുടെ ആര്‍ച്ച്ബിഷപ്പും ഹോസ്റല്‍ പേട്രണുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യവും സ്നേഹവും ഏറെ അനുഭവിക്കാന്‍ അവസരം ലഭിച്ച അക്കാലത്തെ രംഗങ്ങളാണു ക്രിസ്മസിലെ മനോഹര ഓര്‍മകളായി എനിക്കു തോന്നിയിട്ടുള്ളത്. അന്നു ക്രിസ്മസിനെപ്പറ്റി അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ പലതും എന്റെ ഓര്‍മകളില്‍ നിറയുന്നു. ഈസ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണു ക്രിസ്മസ് എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്.

ക്രിസ്മസ് എന്നും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മഹോത്സവമായി തിരിച്ചറിയപ്പെടുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനവും പാടിയ മാലാഖാവൃന്ദത്തിന്റെ ഗാനം വിശ്വത്തിനെന്നും സ്വീകരിക്കാവുന്ന സന്ദേശമാണ്. അതു ഹൃദയത്തില്‍ സ്വീകരിച്ച് നിര്‍മലതയും സഹാനുഭൂതിയും നമ്മില്‍ വളര്‍ത്തി ബന്ധങ്ങളില്‍ ഊഷ്മളതയുണ്ടാക്കുകയെന്ന തിരിച്ചറിവും ക്രിസ്മസില്‍ നിന്നു സ്വാംശീകരിക്കേണ്ടതുണ്െടന്നു ഞാന്‍ കരുതുന്നു. ദുഃഖങ്ങള്‍ മാറ്റി പ്രത്യാശയും പ്രതീക്ഷയും വിരിയിച്ച് ജന്മമെടുക്കുന്ന യേശുനാഥനിലേക്കു രക്ഷയ്ക്കായി അണയാനുള്ള മഹാഭാഗ്യമാണല്ലോ ക്രിസ്മസിലൂടെ കരഗതമാകുന്നത്. അതിനുള്ള അവസരം ദൈവം തന്റെ അനന്തമായ സ്നേഹത്താല്‍ എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുതന്നിരിക്കുന്നു.

ക്രിസ്മസ് നാനാജാതി മതസ്ഥരോടുള്ള സഹിഷ്ണുതയും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള അവസരമായി കാണേണ്ടതുണ്ട്. എന്നു മാത്രമല്ല, വ്യക്തികള്‍ എത്രകണ്ടു തങ്ങളിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നുവെന്ന് ഓര്‍ക്കുക. പഴയകാല കുടുംബപശ്ചാത്തലങ്ങള്‍ നമ്മുടെയിടയില്‍ നിന്നു മാറിയിരിക്കുന്നു. അണുകുടുംബമെന്ന ഇന്നത്തെ മൂന്നാള്‍ സംഗമ വേദിയില്‍പ്പോലും പരസ്പരസ്നേഹവും മനസിലാക്കലും ആവശ്യത്തിന് ഉണ്ടാവാതെ ഓരോരുത്തരും അവനവനിലേക്കു ചുരുങ്ങിപ്പോകുന്ന ചിത്രമാണു നമ്മുടെ കുടുംബങ്ങളില്‍ കാണുന്നത്. അതില്‍നിന്നു മാറണമെന്ന ഓര്‍മപ്പെടുത്തല്‍ ക്രിസ്മസ് നല്‍കുന്നുണ്ട്. എളിമയുടെ കൂടാരമായി കുടുംബങ്ങള്‍ മാറണമെന്നു ക്രിസ്മസ് ഉപദേശിക്കുന്നു. സ്ഥലമില്ലെന്നു പറഞ്ഞു കൊട്ടിയടച്ച സത്രമുറികളാവാതെ, ഇനിയും ഉള്‍ക്കൊള്ളാന്‍ സ്ഥലം ബാക്കിയെന്ന കാലിത്തൊഴുത്തിന്റെ വിശാലത ഹൃദയത്തില്‍ കൊണ്ടുവരാന്‍ ക്രിസ്മസ് ക്രിസ്ത്യാനിയെയെന്നല്ല ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു.

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളാല്‍ നമ്മുടെ സമൂഹം വിങ്ങുന്നു. അനാഥാലയങ്ങളിലെ അടഞ്ഞമുറികളിലെ അവരുടെ വിങ്ങല്‍ എല്ലാ മക്കളുടെയും കഠിന ഹൃദയങ്ങളില്‍ ഈ ദിവസ ങ്ങിലെങ്കിലും എത്തട്ടെ. വാങ്ങാനല്ല, കൊടുക്കാനും, ശേഖരിക്കാനല്ല, പങ്കുവയ്ക്കാനും നാം പഠിക്കേണ്ടതുണ്ട്. അതുവഴി നമ്മുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സമൂഹജീവിതത്തെയും നമുക്കു ക്രമപ്പെടുത്താന്‍ കഴിയുന്നു. നമുക്കു നഷ്ടപ്പെട്ടുപോകുന്ന നന്മകള്‍ തിരിച്ചുപിടിക്കാം. ക്രിസ്മസിന്റെ നന്മകള്‍ പ്രകാശിക്കുന്ന ദൈവകൃപാതാരകങ്ങളാകട്ടെ നമ്മുടെ ജീവിതങ്ങള്‍.

0 comments:

Post a Comment