RSS

Dear All Merry Christmas and Happy New year .

*




മനുഷ്യാവതാരത്തിന്റെ നിഗൂഢത ഒരു ക്രിസ്‌മസ്‌ ധ്യാനം




കര്‍ദ്ദിനാള്‍ ബേസില്‍ ഹ്യുമ്

ആത്മീയജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകുന്നതിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴും അതു കൂടുതല്‍ ശുഷ്‌കമാകുന്നതിന്റെ കാരണമെന്താണ്‌ ?

ക്രിസ്‌മസിന്റെ അര്‍ത്ഥം യേശുക്രിസ്‌തു മനുഷ്യനായിത്തീര്‍ന്നു എന്നതാണ്‌. അതുതന്നെയാണ്‌ ഏറ്റവും അത്ഭുതകരമായ സത്യവും ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവും. ദൈവത്തിന്റെ ശക്തിയും സ്‌നേഹവും ജീവനും മാംസവും രക്തവും ആയിത്തീര്‍ന്നു. ആ നിമിഷം മുതല്‍ നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ജീവിതത്തിലും സ്‌നേഹത്തിലും നമ്മുടെ മരണവേദനയില്‍പോലും അവിടുന്ന്‌ പങ്കുചേര്‍ന്ന്‌ നമ്മിലൊരുവനായി ദൈവം മാറിയിരിക്കുന്നു. ഇതാ... ദൈവം നമ്മോടുകൂടെ ''ഇമ്മാനുവേല്‍.'' അതാണ്‌ ക്രിസ്‌മസ്‌. മാനുഷികതയും ദൈവികതയും ഒന്നായിച്ചേരുന്ന ക്രിസ്‌തുവിന്റെ ജനനം സ്വര്‍ഗത്തിന്റെ ഭൂമിയിലേക്കുള്ള എഴുന്നള്ളിവരവാണ്‌.
ഒരു ശിശുവിനെ ശിഷ്യന്മാരുടെ മുന്നില്‍ നിര്‍ത്തിയിട്ട്‌ യേശു പറഞ്ഞു: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല'' (മത്തായി 18:3). പുല്‍ക്കൂടിനു മുന്നില്‍ ഉണ്ണിയേശുവിന്റെ മുഖത്തേക്ക്‌ നോക്കി മുട്ടുകുത്തി നില്‌ക്കുന്ന ഒരു കുട്ടിയെ സങ്കല്‌പിക്കുക. അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും ഭാവങ്ങള്‍ ആ കുഞ്ഞിലുണ്ടാകും. ക്രിസ്‌മസിന്റെ കഥ പലയാവര്‍ത്തി കേട്ടിട്ടുള്ള കുഞ്ഞ്‌ പുല്‍ക്കൂട്ടിലൂടെ ആ കഥ വീണ്ടും ദൃശ്യരൂപത്തില്‍ ഉള്‍ക്കൊള്ളുകയാണ്‌.

ഒരു കൊച്ചുകുട്ടിക്ക്‌ പുല്‍ക്കൂടിന്റെ മുന്നില്‍ മുട്ടുകുത്താനും കൈകള്‍കൂപ്പി ഉണ്ണിയേശുവിനെ വണങ്ങാനുമുള്ള സ്വാഭാവിക പ്രവണതയുണ്ടാകും. നമുക്കും അതിനു കഴിയണം. അതിനായി നമ്മുടെ സ്വാതന്ത്ര്യത്തെയും ഞാന്‍ ഭാവത്തെയും അടിയറവയ്‌ക്കാന്‍, എളിമയുള്ളവരാകാന്‍ ഈ ക്രിസ്‌മസ്‌ നമ്മെ വിളിക്കുകയാണ്‌. ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളുടെ മുന്നില്‍ ആദരവോടെ മുട്ടുകുത്താനും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്കായി മനസു തുറന്നു കൊടുക്കാനും തയാറാകുന്നില്ലെങ്കില്‍ നമ്മുടെ ആത്മീയജീവിതം ശുഷ്‌കമായിത്തീരും.

ഒരു സന്ദര്‍ശകന്റെ കഥ
നഗരവീഥികളിലൂടെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ആ മനുഷ്യന്റെ നോട്ടം യാദൃശ്ചികമായിട്ടാണ്‌ കത്തീഡ്രലിന്റെ ഉയര്‍ന്ന ഗോപുരത്തില്‍ പതിച്ചത്‌. ദേവാലയ ഗോപുരം അയാളെ ദേവാലയത്തിലേക്ക്‌ വിളിക്കുന്നതുപോലെ തോന്നി. ദേവാലയത്തില്‍ പോവുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന വ്യക്തിയായിരുന്നില്ല. എന്നിട്ടും ഏതോ കാന്തികശക്തിയാല്‍ വലിച്ചടുപ്പിക്കുന്നതുപോലെ അയാള്‍ കത്തീഡ്രലിന്റെ അകത്തേക്ക്‌ പ്രവേശിച്ചു.

ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്രൂശിത രൂപമാണ്‌ അയാള്‍ ആദ്യം ശ്രദ്ധിച്ചത്‌. ആ കാഴ്‌ച കണ്ട്‌ അയാള്‍ ഞെട്ടി. യുദ്ധരംഗത്തും കലാപഭൂമികളിലും മനുഷ്യന്റെ ക്രൂരതയേറ്റുവാങ്ങിയ പല ജീവിതങ്ങളെയും താന്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, ഇതാ പീഡിതനും തകര്‍ക്കപ്പെട്ടവനും മൃതനും ആയ ഒരാള്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടിരിക്കുന്നു. ആരാണീ മനുഷ്യന്‍? എന്താണ്‌ ഈ ക്രൂരമായ ശിക്ഷയ്‌ക്ക്‌ അയാളെ അര്‍ഹനാക്കിയത്‌? അയാള്‍ക്കൊ ന്നും മനസിലായില്ല. അയാള്‍ വിശാലമായ കത്തീഡ്രലിലെ പല ചാപ്പലുകളും കടന്ന്‌ ഒരു പുല്‍ക്കൂടിന്റെ മുന്നിലെത്തി. അവിടെ ഒരു കൊച്ചുപെണ്‍കുട്ടി പുല്‍ ക്കൂട്ടിലെ ശിശുവിന്റെ മുഖത്തേക്ക്‌ അത്ഭുതാദരവുകളോ ടെ നോക്കിനില്‌ക്കുന്നു. അയാ ള്‍ ആ പെണ്‍കുട്ടിയോട്‌ ചോ ദിച്ചു: ''ആരാണീ ശിശു?'' ''അത്‌ യേശുവാണ്‌'' അവളുടന്‍ മറുപടി പറഞ്ഞു.
''എന്തിനാണ്‌ ഈ കുട്ടി പുല്‍ക്കൂട്ടില്‍ കിടക്കുന്നത്‌?''

''അതേയ്‌, സത്രത്തില്‍ സ്ഥലമുണ്ടായിരുന്നില്ല. പിന്നെ അവന്റെ അമ്മ വളരെ ദരിദ്രയുമായിരുന്നു.''
''പിന്നീട്‌ ഈ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌?'' അയാള്‍ ചോദ്യം തുടര്‍ന്നു. ഈ മനുഷ്യന്‌ ഇക്കാര്യങ്ങളൊന്നും അറിയില്ലേയെന്ന്‌ ഒന്ന്‌ സംശയിച്ചുവെങ്കിലും അവള്‍ മാന്യതയോടെ മറുപടി പറഞ്ഞു:
''അവിടുന്ന്‌ കുരിശില്‍ മരിച്ചു.''

''അവന്‍ ഇപ്പോള്‍ എവിടെയാണ്‌?'' സന്ദര്‍ശകന്‍ ചോദ്യം തുടര്‍ന്നു.
''അതറിയില്ലേ? അവിടുന്നിപ്പോള്‍ സ്വര്‍ഗത്തിലാണ്‌. യേശു മരിച്ചുവെങ്കിലും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു. നമ്മള്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‌ക്കും.''
അവിശ്വാസിയായ സന്ദര്‍ശകന്‌ പെണ്‍കുട്ടിയുടെ ഉറപ്പോടെയുള്ള മറുപടി ഈര്‍ഷ്യയാണുണ്ടാക്കിയത്‌. തിരിച്ചു പറയണമെന്ന്‌ തോന്നിയെങ്കിലും അയാള്‍ സ്വയം നിയന്ത്രിച്ചു. എങ്കിലും ഉള്ളില്‍ ഒരു നീറ്റല്‍.
ഈ കൊച്ചുകുട്ടി എത്ര ബോധ്യത്തോടെയാണ്‌ സംസാരിക്കുന്നത്‌. അവള്‍ ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഇപ്പോഴേ കണ്ടെത്തിയിരിക്കുന്നു. താനിപ്പോഴും ജീവിതത്തിന്റെ പൊരുളറിയാതെ അലയുകയാണ്‌. ഈ കുഞ്ഞിന്റെ വിശ്വാസം എനിക്കു കിട്ടിയിരുന്നെങ്കില്‍...

അയാള്‍ ചുറ്റുംനോക്കി. അനേകര്‍ എല്ലാം മറന്ന്‌ പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്നു. കത്തീഡ്രല്‍ കാണാനെത്തിയ ടൂറിസ്റ്റുകള്‍ കെട്ടിടത്തിന്റെ വലിപ്പവും മനോഹാരിതയും ആസ്വദിച്ച്‌ നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ മുഖത്ത്‌ എത്ര ശാന്തത! അവര്‍ ഈ കെട്ടിടത്തിന്റെ ഉള്ളില്‍ വേറെ എന്തോ കാണുന്നുണ്ട്‌. അതു കാണാന്‍ എന്റെ കണ്ണുകള്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍...
അയാള്‍ അറിയാതെ അടുത്തുകണ്ട ബെഞ്ചില്‍ ഇരുന്നു. മനസും ചിന്തകളും ദിവ്യമായ ഒരു സാന്നിധ്യംകൊണ്ട്‌ നിറയുന്നത്‌ ആശ്ചര്യത്തോടെ അയാള്‍ അനുഭവിച്ചു. ജീവിതത്തിലാദ്യമായി മനസ്‌ മറ്റൊരു തലത്തിലേക്കുയരുന്നു. തന്റെ ശൂന്യതയും സങ്കടങ്ങളും സ്വപ്‌നങ്ങളുമെല്ലാം അയാള്‍ ഹൃദയംകൊണ്ട്‌ സ്വര്‍ഗത്തിലേക്കുയര്‍ത്തി. തന്നെ സഹായിക്കണമേ, രക്ഷിക്കണമേ എന്നുള്ള രോദനവും ആത്മാവിലുയര്‍ന്നു.
പുല്‍ക്കൂട്ടിലെ ഉണ്ണീശോ തന്റെ നേരെ നോക്കി പുഞ്ചിരിക്കുന്നു. പുല്‍ക്കൂടിനരികില്‍ മുട്ടുകുത്തിനിന്നിരുന്ന പെണ്‍കുട്ടിയുടെ കണ്ണുകളിലെ തിളക്കവും അത്ഭുതഭാവവും ആ മനുഷ്യന്‍ ഏറ്റുവാങ്ങി.
** ** ** ** ** **
പുല്‍ക്കൂട്ടിലെ ഉണ്ണി ചെറുതാകാന്‍ നമ്മെ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും അത്ഭുതം കാണുന്ന കണ്ണുകളും സ്വന്തമാക്കാന്‍ ക്രിസ്‌മസ്‌ നമ്മെ ക്ഷണിക്കുകയാണ്‌. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായ ക്രിസ്‌തുവിന്റെ മനുഷ്യാവതാരം വീണ്ടും അനുസ്‌മരിക്കുമ്പോള്‍ അത്ഭുതഭാവം നമ്മുടെ ഉള്ളിലും ഉണ്ടാകട്ടെ.

0 comments:

Post a Comment