RSS

Dear All Merry Christmas and Happy New year .

*




നക്ഷത്രങ്ങള്‍ കെടുത്തിക്കളയരുതേ...


ഫാ. ബാബു വാവക്കാട്ട്‌

വിവിധ മേഖലകളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അനേകം കുഞ്ഞുങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയക്കുന്നുണ്ട്‌. പക്ഷേ, മാതാപിതാക്കളുടെ വിവേകക്കുറവുമൂലം പലരും എങ്ങുമെത്താതെ പോകുന്നു.

ഓര്‍മയുടെ കണ്ണില്‍ നക്ഷത്രംപോലെ ആ പെണ്‍കുട്ടിയുണ്ട്‌. ഞാന്‍ കുറെക്കാലം മുമ്പിരുന്ന ഒരു പള്ളിയിലെ ഗായകസംഘത്തില്‍ അവളുണ്ടായിരുന്നു. മിടുക്കി, നന്നായി പാടുമായിരുന്നു. നല്ല പെരുമാറ്റം. പത്താം ക്ലാസിലാണ്‌ പഠിച്ചുകൊണ്ടിരുന്നത്‌. പത്താം ക്ലാസിലെ പരീക്ഷയുടെ സമയത്താണ്‌ നാട്ടുകാരും വീട്ടുകാരും ട്യൂഷന്‍മാസ്റ്ററുമൊക്കെ ചേര്‍ന്ന്‌ അവളുടെ തലയില്‍ പരീക്ഷാഭീതി കയറ്റിയത്‌. അതവളുടെ മനസിനെ തളര്‍ത്തി. ഞാനപ്പോഴേക്കും ആ പള്ളിയില്‍നിന്നും മാറിയിരുന്നു. ഒന്നാം ദിവസം പരീക്ഷാപേപ്പറില്‍ എഴുതിവച്ചത്‌ മുഴുവന്‍ പള്ളിയില്‍ പാടുന്ന പാട്ടുകളും പ്രാര്‍ത്ഥനകളുമായിരുന്നു. സ്‌കൂളില്‍നിന്ന്‌ അന്നു വൈകുന്നേരം വീട്ടിലേക്ക്‌ ഫോണ്‍ വന്നു.

കുട്ടിക്ക്‌ എന്തോ തകരാറു പറ്റിയിട്ടുണ്ട്‌. പരീക്ഷാപേപ്പറില്‍ എഴുതിയിരിക്കുന്നതു മുഴുവന്‍ പാട്ടും പ്രാര്‍ത്ഥനയുമാണ്‌. പരീക്ഷ ഒരു വിധത്തില്‍ എഴുതി മുഴുമിപ്പിച്ചു. പരീക്ഷ കഴിഞ്ഞ്‌ എന്റെ പള്ളിയില്‍ അവളെന്നെ കാണാന്‍ വന്നു. പക്ഷേ, ഞാനവിടെ ഉണ്ടായിരുന്നില്ല. എനിക്കു ഫോണ്‍ ചെയ്‌തു. ഞാന്‍ തിരക്കിലായിരുന്നു, കാണാനൊത്തില്ല.
ആശുപത്രിയില്‍ ഞാനവളെ കാണാന്‍ ചെല്ലുമ്പോള്‍ അവള്‍ അമ്മയോടു ചോദിച്ചു: ''ഇയാളാരാ, എന്തിനാ എന്നെ കാണാന്‍ വന്നിരിക്കുന്നത്‌?'' ഞാന്‍ ഞെട്ടി. അവളുടെ കണ്ണുകളില്‍ പഴയ നക്ഷത്രത്തിളക്കവും കുസൃതിയും അപ്പോഴുണ്ടായിരുന്നില്ല. നിര്‍വികാരമായ ഒരുതരം ശൂന്യത.

എങ്കിലും ദൈവം അവളെ കൈവിട്ടില്ല. പിന്നീട്‌ അവള്‍ പരീക്ഷ പാസായി. സംഗീതം ഐച്ഛിക വിഷയമായെടുത്ത്‌ ബിരുദാനന്തര ബിരുദവും കഴിഞ്ഞു. ഒരിക്കല്‍ അവരെല്ലാവരുംകൂടി എന്നെ കാണാന്‍ വന്നിരുന്നു. ഏതോ റേഡിയോ നിലയത്തില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്ന വഴി.

മിടുക്കിയായിരിക്കുന്നു. അവളുടെ കണ്ണുകളില്‍ പഴയ നക്ഷത്രത്തിളക്കം മടങ്ങിവന്നിരിക്കുന്നത്‌ ഞാന്‍ സന്തോഷത്തോടെ കണ്ടു. പണ്ടൊരിക്കല്‍ കുറച്ചു കാലത്തേക്കെങ്കിലും കലങ്ങിപ്പോയ അവളുടെ മനസിനെയും ബുദ്ധിയെയും കുറിച്ച്‌ ഞാനപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. ഓരോ കുഞ്ഞിനെയും എത്രയോ കഴിവുകള്‍ നല്‌കിയാണ്‌ ദൈവം ഈ ഭൂമിയിലേക്ക്‌ അയക്കുന്നത്‌. നേരാംവണ്ണം പരിശീലിപ്പിച്ചാല്‍ ഓരോ മേഖലയിലും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവര്‍.

പക്ഷേ, മാതാപിതാക്കള്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്കും താല്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ അവരെ ഉരുക്കി വാര്‍ക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ പണം കിട്ടുന്ന തൊഴില്‍മാത്രം ലക്ഷ്യം വച്ച്‌ പഠിപ്പിച്ച്‌ കുട്ടികളുടെ സ്വഭാവിക കഴിവുകളെയും പ്രതിഭയെയും അവര്‍ നശിപ്പിച്ചുകളയുന്നു. കലാസാംസ്‌കാരിക മേഖലകളില്‍ പ്രതിഭകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക്‌ നാം കടക്കുന്നതും അതുകൊണ്ടാണ്‌. ദൈവം ദാനമായി തരുന്ന അമൂല്യനിധികളായ കുഞ്ഞുങ്ങള്‍ തങ്ങളുടെ സ്വന്തമെന്നതിനെക്കാളുപരി ദൈവത്തിന്റെ സ്വന്തമാണെന്നും, സ്വാഭാവിക കഴിവുകള്‍ക്ക്‌ അനുസൃതമായി ദൈവത്തിനും മനുഷ്യനും പ്രീതികരമായ രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവന്ന്‌ ലോകത്തിന്‌ സമ്മാനിക്കുകയാണ്‌ തങ്ങളുടെ കടമയെന്നുമുള്ള പൂര്‍ണ അവബോധത്തിലേക്ക്‌ മാതാപിതാക്കളില്‍ കുറെപ്പേരെങ്കിലും ഇനിയും വളരേണ്ടിയിരിക്കുന്നു.

0 comments:

Post a Comment