RSS

Dear All Merry Christmas and Happy New year .

*




തിരിച്ചറിയുക, തിരുവാഴ്ത്ത് പാടുക


ഒഎന്‍വി

ഭൂമിയിലെങ്ങും നക്ഷത്രാകൃതിയിലുള്ള ക്രിസ്മസ് വിളക്കുകള്‍ പ്രകാശിക്കുന്നു. ഇപ്പോള്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുന്ന ദേവദൂതര്‍ക്ക്, ഭൂമി നക്ഷത്രഖചിതമായ മറ്റൊരാകാശമായി തോന്നുന്നുണ്ടാവുമോ? എങ്കില്‍, ആ കാഴ്ച കാണാന്‍ എന്തു രസമായിരിക്കും!

എന്നാല്‍ തൊട്ടടുത്ത മാത്രയില്‍ ഒാര്‍ത്തുപോകുന്നു: ഇൌ രാത്രിയില്‍ നാം തെളിക്കുന്ന വിളക്കുകള്‍ ക്ഷണികമല്ലേ? പിന്നെയും നാം ഇരുളിലേക്കുള്ള പ്രയാണം തുടരുകയല്ലേ? ഞാനൊരിക്കലെഴുതിയിട്ടുണ്ട്: ''ദീപങ്ങളൊക്കെ കെടുത്തി നാം പ്രാര്‍ഥിച്ചു: ദീപമേ! നീ നയിച്ചാലും!'' നമ്മുടെ പ്രാര്‍ഥനയും പ്രവൃത്തിയും അനന്തതയില്‍വച്ചു മാത്രം സന്ധിക്കുന്ന സമാന്തരരേഖകളായി നീളുകയല്ലേ? (അതും ഒരു പ്രതീതി മാത്രം!).

ഉമ്മറത്ത് ക്രിസ്മസ് നക്ഷത്രവിളക്ക് തൂക്കിയിടുമ്പോള്‍ എന്തിനോ ഇൌ അശുഭചിന്തകളെന്നെ അസ്വസ്ഥനാക്കുന്നു... വെളിച്ചത്തിലാശ്വാസം കൊള്ളുമ്പോള്‍ ഒളിച്ചുനില്‍ക്കുന്ന തമ:ശക്തിയെപ്പറ്റിയാലോചിച്ചുപോവുന്നു. മനസ്സ് ചോദിക്കുന്നു (ആരോടെന്നില്ലാതെ!) ''മഹായുദ്ധങ്ങള്‍ ക്രിസ്മസ് വിളക്കുകള്‍ കത്താത്ത ഡിസംബറുകളെ സൃഷ്ടിച്ചിട്ടില്ലേ? ഇനിയും സൃഷ്ടിച്ചുകൂടെന്നുണ്ടോ? ഇത്തരം ചിന്തകള്‍കൊണ്ട് ഇൌ ക്രിസ്മസ് രാവിന്റെ ആഹ്ളാദത്തെ കെടുത്തണോ?

''വേല നാളെ! ജഗത്തിനിന്നുല്‍സവ
വേളയെന്നു വിളംബരം ചെയ്യുക!''
എന്നു പാടാന്‍ പോന്ന ഒരു മനോഭാവമല്ലേ നന്ന്? അനിവാര്യമായതുമായി അനുരഞ്ജനത്തിലേര്‍പ്പെടുക. അതിജീവനത്തിന്റെ മാര്‍ഗമതാവാം. പക്ഷേ, പ്ളേറ്റോയ്ക്ക് പഥ്യമായ വഴിയേ ഹോമര്‍ക്ക് സഞ്ചരിക്കുക വയ്യ! കവി, ഇരുണ്ട തന്റെ മുറിയില്‍ മേല്‍ക്കൂരപ്പഴുതിലൂടെ വന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഒരു പൊട്ടില്‍ സൂര്യനെത്തന്നെ അഭിദര്‍ശിക്കുന്നു. നേരത്തേ ഉദ്ധരിച്ച ഇൌരടിയെഴുതിയ കവി (ജി. 'വിളംബരം') തന്നെയാണ് പിന്നെയൊരിക്കല്‍ ഇങ്ങനെ കുറിച്ചത്:

'ദാരിദ്യം, രോഗം, യുദ്ധം മര്‍ത്ത്യജീവിതത്തിന്റെ
വേരിലും തടിയിലും പൂവിലും കയ്പിന്‍ ഗന്ധം!
പാരിനെ പുതുക്കുന്ന കൈയുകള്‍ ജീര്‍ണിക്കുന്നൂ
പാരിന്മേല്‍പൂശും സ്വപ്നം മായുന്നൂ വികൃതമായ്.
ചുടലച്ചാരത്തിലെ കാട്ടെരിക്കിലങ്ങിങ്ങു
വിടരും പരിഷ്കാരസംസ്കാരം കൊഴിയുന്നു.
(അന്തര്‍ദാഹം)

നേരിന്റെ ഇൌ നേര്‍ക്കാഴ്ച കണ്ട് നാം അധീരരാവരുത് എന്നതാണ് കവിയുടെ നിലപാട്. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു മഹായുദ്ധങ്ങള്‍ക്കുശേഷം, ലോകത്തിന്റെ ഒാരോരോ ഭാഗത്തായി എത്രയോ യുദ്ധങ്ങള്‍!

 ''എല്ലാം മറന്നൊന്നുറങ്ങിയ രാവുകള്‍
എന്നേക്കുമായസ്തമിച്ചുപോയ്!'' എന്ന ഇന്നത്തെ മനുഷ്യാവസ്ഥ കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. രജതരേഖകളൊന്നൊന്നായി ചക്രവാളത്തില്‍നിന്നു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശുഭകാമനയോടെ നാം മറ്റൊരു വര്‍ഷത്തെ കാത്തിരിക്കുന്നു. വീണ്ടും നാം ക്രിസ്മസ് വിളക്കുകൊണ്ടു പൂമുഖം അലങ്കരിക്കുന്നു. ജ്ഞാനികള്‍ക്ക് വഴികാട്ടിയായി കിഴക്കുദിച്ച നക്ഷത്രമായി അവ നമ്മുടെ വീട്ടുമുറ്റത്തു മാത്രമല്ല, മനസ്സിലും തെളിയട്ടെ! ക്രിസ്മസ്, ഒരു രക്ഷകന്‍ വരുമെന്ന വാഗ്ദാനമാണ്!

കിഴക്കും പടിഞ്ഞാറുമുള്ള എത്രയോ എഴുത്തുകാര്‍ക്ക് ക്രിസ്മസ് കഥയ്ക്കും കവിതയ്ക്കും പാട്ടിനുമൊക്കെ വിഷയമായിട്ടുണ്ട്. കൂട്ടത്തില്‍ എന്നെ ഏറ്റവുമധികം സ്പര്‍ശിച്ച അവിസ്മരണീയമായ ഒരു കഥയുണ്ട്. മഹാനായ ടോള്‍സ്റ്റോയിയുടെ രചനയാണ്. പാവപ്പെട്ട വൃദ്ധനായൊരു ചെരുപ്പുകുത്തി, ഉണ്ണിയേശു തന്റെ വീട്ടിലുമെത്തുമെന്ന് സ്വപ്നം കണ്ട്, കാണിക്കയായി നല്‍കാന്‍ പലതും കരുതിവയ്ക്കുന്നു. അപ്രതീക്ഷിതമായി കണ്ടെത്തുന്ന നിസ്വരായ ചിലര്‍ക്കത് നല്‍കേണ്ടി വരുന്നു. ഉണ്ണിയേശു വന്നില്ലല്ലോ എന്ന ആകുലചിന്തയോടെ ആ വൃദ്ധന്‍ വീട്ടിനുള്ളില്‍ കതകടച്ചിരിക്കുമ്പോള്‍, പലരും തന്റെ ചുറ്റും നില്‍ക്കുന്നതായി തോന്നി. ഉണ്ണിയേശുവിനായി താന്‍ കരുതിവച്ചതെല്ലാം സ്വീകരിച്ചവര്‍ തന്നെയായിരുന്നു ആ മനുഷ്യര്‍. തുടര്‍ന്ന്, സ്വപ്നത്തില്‍ കേട്ട ഉണ്ണിയേശുവിന്റെ അതേ ശബ്ദം അയാള്‍ കേള്‍ക്കുന്നു: ''എനിക്കു വിശന്നപ്പോള്‍ നീയെനിക്കാഹാരം തന്നു. ഞാന്‍ നഗ്നനായപ്പോള്‍ നീയെനിക്ക് വസ്ത്രം തന്നു. ഞാന്‍ തണുത്തുവിറച്ചപ്പോള്‍ നീയെനിക്ക് ചൂടു പകര്‍ന്നുതന്നു...''

അതേ, ഇന്നും നമ്മുടെ മുന്നില്‍ ഉണ്ണിയേശു വരുന്നു. ടോള്‍സ്റ്റോയിയെപ്പോലെതന്നെ മഹാനായ ടഗോറിന്റെ വാക്കുകള്‍കൂടി ഒാര്‍ക്കുക: ''അവന്‍ പാടത്തു പണി ചെയ്യുന്നവരുടെയും പാറയുടയ്ക്കുന്നവരുടെയും ഇടയിലാണ്.'' (ഗീതാഞ്ജലി ഒാര്‍മയില്‍നിന്ന്).

രണ്ടായിരം വര്‍ഷത്തിനപ്പുറം ആ ഉണ്ണിപ്പിറവി നിശ്ശബ്ദമറിയിച്ച, കിഴക്കുണര്‍ന്ന നക്ഷത്രത്തെപ്പോലെ, ക്രിസ്മസ് വിളക്കുകള്‍ വീണ്ടും ഭൂമുഖത്തുണരുന്നു. നാം വീണ്ടുമൊരുണ്ണിപ്പിറവിക്കു സാക്ഷ്യം വഹിക്കുന്നു മനസ്സിലെ പുല്‍ക്കൂട്ടിലാണെന്നു മാത്രം. തിരിച്ചറിയുക, തിരുവാഴ്ത്ത് പാടുക!

0 comments:

Post a Comment