RSS

Dear All Merry Christmas and Happy New year .

*




താരങ്ങളുടെ ശോഭ തടവറകളിലും നിറയട്ടെ....

ആര്‍ച്ച്ബിഷപ്പ് എം സുസപാക്യം
തിരുവനന്തപുരം: ക്രിസ്തുമസ്‌രാവുകളെ പ്രകാശമാനമാക്കാന്‍ നക്ഷത്രങ്ങളൊരുക്കി സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ക്രിസ്തുമസ് നക്ഷത്രങ്ങളുടെ വിപണനം ലത്തീന്‍ കത്തോലിക്ക അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് എം സുസപാക്യം ജയില്‍ അങ്കണത്തില്‍ വച്ച് സാലിമോസസ് എന്ന തടവുകാരന് ക്രിസ്തുമസ്‌നക്ഷത്രം നല്‍കി ഉദ്ഘാടനം ചെയ്തു.

'അത്ഭുതം' എന്ന വികാരമാണ് നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍ തന്റെ മനസ്സില്‍ നിറഞ്ഞത് എന്നുപറഞ്ഞ ആര്‍ച്ച്ബിഷപ്പ് സുസപാക്യം, താരങ്ങളുടെ ശോഭ ഇവിടുത്തെ തടവറകളിലും നിറയട്ടെ എന്ന് ആശംസിച്ചു. ജീവപര്യന്തം തടവുകാരനായ ഫറൂഖിന്റെ നേതൃത്വത്തിലാണ് നക്ഷത്രങ്ങളുടെ നിര്‍മ്മാണം. വീരന്‍, സഹദേവന്‍, പ്രസാദ് മാത്യു, സുരേഷ്ബാബു എന്നീ സഹതടവുകാര്‍ നിര്‍മ്മാണത്തില്‍ ഫറൂഖിനൊപ്പം പങ്കാളികളാണ്. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയം മനസ്സില്‍ ഉടലെടുത്തപ്പോള്‍ ജയില്‍സൂപ്രണ്ട് ബി പ്രദീപിനോടാണ് ആദ്യം പറഞ്ഞത്. അദ്ദേഹത്തിന്റെയും മറ്റ് ജയിലുദ്യോഗസ്ഥരുടെയും പ്രോത്സാഹനത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം സാധ്യമായതെന്നും ഫറൂഖ് പറഞ്ഞു.

1998ല്‍ എല്‍ ടി ടി ഇ കബീര്‍ എന്ന ഗുണ്ടാനേതാവിനെ അട്ടക്കുളങ്ങര സബ്ജയിലിന് മുന്നില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് കരാട്ടെ ഫറൂഖ് എന്നറിയപ്പെടുന്ന ഫറൂഖ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലിലെത്തുന്നത്. 12 വര്‍ഷമായി ഒരൊറ്റ പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്ന ഫറൂഖിന് അതില്‍ പരിഭവമുണ്ട്.

ഇതുപോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ തടവുകാരെ തെറ്റിന്റെ പാതയില്‍ നിന്നും നന്മയിലേക്ക് കൊണ്ടുവരാന്‍ ഉപകരിക്കുമെന്ന് ജയില്‍സൂപ്രണ്ട് ബി പ്രദീപ് പറഞ്ഞു. ചപ്പാത്തിനിര്‍മ്മാണം പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ദിവസവും പതിനായിരത്തോളം ചപ്പാത്തികള്‍ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന പെണ്‍തടവുകാരുടെ ബ്ലോക്കില്‍ കൂടുതല്‍ ചപ്പാത്തികള്‍ നിര്‍മ്മിക്കാനും ജയിലിലെ പച്ചക്കറികള്‍ ഉപയോഗിച്ച് ചപ്പാത്തിക്കൊപ്പം കഴിക്കാനുള്ള വെജിറ്റബിള്‍കറി നിര്‍മ്മിക്കാനുമുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഡി ഐ ജി എച്ച് ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി ഐ ജി അബ്ദുള്‍ ഹനീഫ്, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച ചപ്പാത്തി വിപണിയില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയതിന് പിന്നാലെയാണ് ക്രിസ്തുമസ് നക്ഷത്രങ്ങളുടെ വരവ്.

0 comments:

Post a Comment