RSS

Dear All Merry Christmas and Happy New year .

*




സ്‌നേഹം ജനിച്ച ദിവസം



പത്തൊന്‍പത്‌ മാസംമാത്രം പ്രായമുള്ളപ്പോഴാണ്‌ ഹെലന്‍ കെല്ലര്‍ അന്ധയും ബധിരയും ആയിത്തീര്‍ന്നത്‌. കാഴ്‌ചയുടെയും ശബ്‌ദത്തിന്റെയും ലോകത്തില്‍നിന്നും പുറന്തള്ളപ്പെട്ട അവള്‍ സ്‌പര്‍ശനത്തിലൂടെയാണ്‌ ബാഹ്യലോകത്തെയും ജീവിതത്തെയും മനസിലാക്കിയിരുന്നത്‌. കൈവെള്ളയില്‍ അക്ഷരങ്ങളെഴുതി സ്‌പര്‍ശന ഭാഷയിലൂടെ ആശയവിനിമയം നടത്താനും അവള്‍ പഠിച്ചു. ഒരിക്കല്‍ ഹെലന്‍ തന്റെ ടീച്ചറിന്റെ കൈവെള്ളയില്‍ എഴുതിക്കൊണ്ടു ചോദിച്ചു:

''ടീച്ചര്‍, സ്‌നേഹം എന്നു പറഞ്ഞാലെന്താ?''

ടീച്ചറാകെ വിഷമിച്ചു. കേള്‍ക്കാനോ കാണാനോ കഴിവില്ലാത്ത ഈ കുട്ടിക്ക്‌ സ്‌നേഹമെന്താണെന്ന്‌ എങ്ങനെ വിശദീകരിക്കും? നാളുകള്‍ കഴിഞ്ഞു... ആ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഗതമായി. ക്രിസ്‌മസിനെക്കുറിച്ചും ക്രിസ്‌മസ്‌ ദിനത്തില്‍ സാന്താക്ലോസ്‌ കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‌കുന്നതിനെക്കുറിച്ചും ടീച്ചര്‍ സ്‌പര്‍ശനഭാഷയിലൂടെ ഹെലനെ പഠിപ്പിച്ചു. ഹെലനെയും (മറ്റു കുട്ടികളോടൊപ്പം) സാന്താക്ലോസിന്റെ സമ്മാനം വാങ്ങാന്‍ ഇരുത്തി. സാന്താക്ലോസ്‌ ഹെലനു കൊടുത്തത്‌ രണ്ട്‌ വലിയ സമ്മാനപ്പൊതികളാണ്‌. പായ്‌ക്കറ്റഴിച്ച്‌, തന്റെ സമ്മാനം ആസ്വദിച്ചതിനുശേഷം അടുത്തിരുന്ന കൂട്ടുകാരിയുടെ സമ്മാനവും അവള്‍ സ്‌പര്‍ശിച്ചാസ്വദിച്ചു. അപ്പോഴവള്‍ക്ക്‌ മനസിലായി കൂട്ടുകാരിക്ക്‌ കിട്ടിയത്‌ ഒരു ചെറിയ സമ്മാനമാണ്‌. അതിനാല്‍ അവള്‍ കരഞ്ഞുകൊണ്ടാണിരിക്കുന്നത്‌. അതില്‍ സങ്കടം തോന്നിയ ഹെലന്‍ തനിക്കു കിട്ടിയ സമ്മാനങ്ങളിലൊന്ന്‌ കൂട്ടുകാരിക്ക്‌ കൊടുത്തു. കൂട്ടുകാരിയുടെ കരച്ചില്‍ പോയി. അവള്‍ സന്തോഷവതിയായി.

ഇതു കണ്ടുകൊണ്ടിരുന്ന ടീച്ചര്‍ ഉടനെ ഹെലന്റെ കൈയില്‍ ഇങ്ങനെയെഴുതി. ''ഇതാണ്‌ സ്‌നേഹം.''
സ്‌നേഹം എന്നാല്‍ നല്‌കലാണെന്നും ദൈവം തന്റെ ഏകജാതനെ നല്‌കാന്‍മാത്രം ലോകത്തെ സ്‌നേഹിച്ചുവെന്നും ക്രിസ്‌മസ്‌ സ്‌നേഹത്തിന്റെ പെരുന്നാളാണെന്നും അവള്‍ മനസിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഹെലന്‍ കെല്ലര്‍ തന്റെ ഡയറിയില്‍ അപൂര്‍ണമായ അക്ഷരങ്ങള്‍കൊണ്ട്‌ ഇങ്ങനെ എഴുതിവച്ചു:

''സ്‌നേഹം ജനിച്ച ദിവസമാണ്‌ ക്രിസ്‌മസ്‌.''
ഒരിക്കല്‍ക്കൂടി ക്രിസ്‌മസ്‌ ആഘോഷിക്കുമ്പോള്‍ സ്‌നേഹം ഹൃദയത്തിലും ബന്ധങ്ങളിലും മാംസം ധരിക്കാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

0 comments:

Post a Comment