RSS

Dear All Merry Christmas and Happy New year .

*




കാരുണ്യത്തിന്റെയും എളിമയുടെയും സന്ദേശം


ജസ്റീസ് കെ.ടി. തോമസ്

ഹേറോദേസ് രണ്ടുവയസില്‍ താഴെയുള്ള ശിശുക്കളെയെല്ലാം വാളിനിരയാക്കാന്‍ കല്പനയിറക്കി. എല്ലാ ശിശുക്കളും വധിക്കപ്പെട്ടെങ്കിലും ദൈവികപദ്ധതിയിലൂടെ ഉണ്ണിയേശു മാത്രം രക്ഷപ്പെട്ടു. യേശുവിലൂടെ ദൈവിക പദ്ധതി പൂര്‍ത്തിയാകേണ്ടതിനാല്‍ ദൈവമാണു തിരുക്കുമാരനെ സംരക്ഷിച്ചത്. സാംക്രമിക രോഗങ്ങളും ദാരിദ്യ്രവും മൂലം ഒരുപാട് കുഞ്ഞുങ്ങള്‍ ശൈശവാവസ്ഥയില്‍ മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ബാല്യത്തില്‍ നിരവധിയായ പീഡകള്‍ ഉണ്ടായിട്ടുണ്െടങ്കിലും ദൈവം സംരക്ഷിച്ച് ഇന്നത്തെ അവസ്ഥയിലേക്കു വളര്‍ത്തി. ദൈവത്തിനു നമ്മെക്കുറിച്ചു പദ്ധതിയും പ്രതീക്ഷയുമുള്ളതിനാലാണു സംരക്ഷണം നല്‍കി നമ്മുടെ ജീവനെ ഇന്നേവരെ പോറ്റിയത്. രോഗങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ദൈവം നമ്മെ സംരക്ഷിക്കുന്നു എന്ന തിരിച്ചറിവ് ഏവരിലുമുണ്ടാകണം. അതിനാല്‍ ഓരോ ദിവസവും ദൈവത്തിന്റെ ഔദാര്യമാണ്. ദൈവം ആഗ്രഹിക്കും വിധമുള്ള നന്മ എല്ലാവര്‍ക്കും ചെയ്തുകൊടുക്കാന്‍ നമുക്ക് കടപ്പാടുണ്ട്. നമ്മുടെ കരങ്ങള്‍ നമ്മെ താങ്ങാനുള്ളതല്ല മറിച്ച് മറ്റുള്ളവരെ താങ്ങാനുള്ളതാണ്.

പങ്കുവയ്ക്കലിന്റെയും ദാനധര്‍മത്തിന്റെയും അവസരമാണ് നോമ്പും ക്രിസ്മസും. ലോകത്തിന് അവകാശപ്പെട്ട ശതകോടികളുടെ സ്വത്ത് ഏതാനുംപേര്‍ സ്വന്തമാക്കി വയ്ക്കുന്നതിനാലാണ് ഇന്ത്യയില്‍ ദാരിദ്യ്രം അവശേഷിക്കുന്നത്. ഭക്ഷ്യസാധനങ്ങളും മറ്റുവിഭവങ്ങളും പങ്കുവച്ചാല്‍ എല്ലാവരുടെയും ദാരിദ്യ്രം മാറുമെന്നു മാത്രമല്ല മിച്ചം ഉണ്ടാവുകയും ചെയ്യും. പങ്കുവയ്ക്കാനുള്ള വിമുഖത മാറിയാല്‍ വിശന്നുമരിക്കുന്നവരായി സമൂഹത്തില്‍ ആരുമുണ്ടാകില്ല. വിശക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ പുല്‍ത്തൊഴുത്തിലെ ഉണ്ണിയുടെ കരച്ചിലായി കാണുമ്പോള്‍ നമ്മുടെ മനസില്‍ മാറ്റമുണ്ടാകും. അഞ്ച് അപ്പത്തെ അയ്യായിരം പേര്‍ക്കു പങ്കുവയ്ക്കുകവഴി അല്പം വിഭവത്തെപ്പോലും അനേകായിരങ്ങളുടെ ആശ്വാസത്തിന് യേശു വിനിയോഗിച്ചു എന്ന ആശയമാണ് നമ്മില്‍ ഉണ്ടാവേണ്ടത്. സ്വാര്‍ഥതയെ കീഴ്പ്പെടുത്താനുള്ള അരൂപി ക്രിസ്മസ് നോമ്പില്‍ നമ്മിലുണ്ടാകണം.

രക്ഷയുടെ അടയാളമാണ് ഓരോ ക്രിസ്മസും. ദൈവം പ്രിയപുത്രനെ ലോകത്തിനു രക്ഷകനായി നല്‍കി. നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയാണ് യേശു സഹനജീവിതത്തിലൂടെ അര്‍പ്പിച്ചത്.

ദൈവപുത്രനും രാജാധിരാജനുമായ യേശു പിറന്നതു കാലിത്തൊഴുത്തിലാണ്. മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത തൊഴുത്തില്‍ ജനിച്ച് അവിടുന്ന് ദാരിദ്യ്രത്തിന്റെയും എളിമയുടെയും സന്ദേശം ലോകത്തെ അറിയിച്ചു. പാര്‍ക്കാന്‍ വീടില്ലാത്ത അനേകായിരം പേര്‍ നമ്മുടെ രാജ്യത്തു കഴിയുന്നുണ്െടന്ന ഓര്‍മ നമ്മിലുണ്ടാവണം. ഉണ്ണിയേശുവിനെ പൊതിഞ്ഞതു പഴന്തുണിയിലാണ്. കടുത്ത തണുപ്പിനെ അകറ്റാന്‍ ഉപേക്ഷിക്കപ്പെട്ട വസ്ത്രം ആദ്യമായി ശരീരത്തില്‍ പൊതിയുകവഴി യേശു ദാരിദ്യ്രത്തിന്റെ സന്ദേശം നമ്മെ അറിയിക്കുന്നു. ആ ക്രിസ്മസ് വേളയില്‍ മറിയത്തിനും യൌസേപ്പിനും ഭക്ഷണം ഉണ്ടായിരുന്നോ എന്നു പോലും സംശയിക്കണം. ഉടുക്കാന്‍ വസ്ത്രമില്ലാത്തവരോടും വിശക്കുന്നവരോടും നമുക്ക് കരുണയുണ്ടാകണം.

ജനിച്ചുവീഴുന്ന കുഞ്ഞിനു പരസഹായമില്ലാതെ ജീവിക്കാനോ നീങ്ങാനോ പറ്റില്ല. ഉണ്ണിയേശുവിനു മറിയത്തിന്റെയും യൌസേപ്പിന്റെയും സംരക്ഷണം ലഭിച്ചു. ഇത്തരത്തില്‍ നിസഹായരും നിശ്ചലരുമായ അനേകായിരങ്ങള്‍ ശാരീരിക ന്യൂനതകളില്ലാത്ത നമ്മെപ്പോലെയുള്ളവരുടെ താങ്ങും തണലും അര്‍ഹിക്കുന്നവരാണ്. കാരുണ്യമുള്ള മനസ് ഈ വേളയില്‍ നമ്മില്‍ ഉണ്ടാവണം. നല്ല മനസുള്ളവര്‍ക്കു സമാധാനം എന്നാണ് ആദ്യ ക്രിസ്മസ് കരോള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗാനമായി മാലാഖമാര്‍ പാടിയത്. നല്ല മനസുണ്ടാകാന്‍ നമ്മില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണ്. പുല്‍ക്കൂടും തിരുപ്പിറവിയും നല്‍കുന്ന സന്ദേശങ്ങള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ക്രിസ്മസ് ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യവേളയായി മാറും.

0 comments:

Post a Comment